
കറുകച്ചാൽ: രാത്രിയിൽ കൃഷി നശിപ്പിച്ച പോത്തിനെ ഓടിക്കാൻ ശ്രമിച്ച പിതാവിനെയും മകനെയും അയൽവാസികൾ മർദിച്ചതായി പരാതി.
കറുകച്ചാൽ സ്വദേശികളായ എം.സി. ജേക്കബ് (58), മകൻ സിബി (18) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
നായ കുരയ്ക്കുന്നതു കേട്ടു ജേക്കബ് പുരയിടത്തിൽ നോക്കിയപ്പോഴാണ് അയൽവാസിയുടെ പോത്ത് നിൽക്കുന്നത് കണ്ടത്. റോഡരുകിൽ കെട്ടിയിട്ടിരുന്ന പോത്ത് രാത്രിയിൽ ഇവരുടെ പറന്പിലെത്തി കൃഷി നശിപ്പിക്കുകയായിരുന്നു.
ചൂട്ട് കത്തിച്ചു പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോത്തിന്റെ ഉടമസ്ഥനായ അയൽവാസിയുടെ മകനും ബന്ധുക്കളും അവിടെയെത്തിയത്. തുടർന്ന് ഇവർ ജേക്കബിനെയും മകൻ സിബിയെയും മർദിക്കുകയായിരുന്നു.