കൊച്ചി: ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്നു തെറ്റിധരിച്ച് യുവാക്കളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. പച്ചാളം പാണ്ട്യത്തുംപറമ്പില് വീട്ടില്‍ കെവിന് ജോസഫ് മാത്യു(27)വിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ ഒളിവിലാണ്.
കഴിഞ്ഞ 28-ന് രാത്രി 8.45 -ന് എസ്ആര്‍എം റോഡിലുള്ള മുസ്തഫ ഹോസ്റ്റലിനു മുന്നിലായിരുന്നു സംഭവം. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ രാജ്, എറണാകുളം സ്വദേശി അനന്തു എന്നിവര്‍ക്കാണ് ക്രൂരമായി പരിക്കേറ്റത്.
പരാതിക്കാര്‍ ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്. പ്രതികളിലൊരാളുടെ ഹോസ്റ്റലിലെ താമസക്കാരിയായ യുവതിയോട് മോശമായി പെരുമാറിയെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദനം. കെവിന് ബിയര്‍ കുപ്പിക്കൊണ്ട് അരുണ്‍ദാസിന്റെ തലയ്ക്ക് അടിക്കുകയും രണ്ടാം പ്രതി കമ്പി വടികൊണ്ട് പുറത്തും കൈയിലും അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പ്രതികളായ മറ്റു മൂന്നു പേര് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി അവിടെ കിടന്ന് ഉറങ്ങുകയായിരുന്ന സുഹൃത്ത് അനന്തുവിനെ റോഡിലേക്ക് പിടിച്ചിറക്കികൊണ്ടുവന്ന് കണ്ണില്‍ ഇടിച്ചു. 1.5 പവന് തൂക്കം വരുന്ന സ്വര്‍ണമാലയും 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും കവര്‍ന്നു.
ഒളിവില്‍ കഴിയുന്നവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോലീസ് ഉദ്യോഗസ്ഥരായ റിനു, ഷിജു കോയ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.