ചട്ടഞ്ചാൽ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ ഹോട്ടലുടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഉടമയെ കറിക്കത്തിയെടുത്ത് കഴുത്തിന് വെട്ടി. പരിക്കേറ്റ ഹോട്ടലുടമയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചട്ടഞ്ചാൽ ഐഡിബിഐ ബാങ്കിന് സമീപത്ത് ഹോട്ടൽ നടത്തുന്ന ഗോപാലനാ (48)ണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഹോട്ടൽ പൂട്ടാറായ സമയമായതിനാൽ ഹോട്ടലുടമ ഗോപാലനും ഭാര്യയും 10 വയസുള്ള മകനും മാത്രമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.
ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്താറുള്ള ശ്രീജിത്ത് എന്ന ഷാജിയാണ് ഹോട്ടലുടമയെ വെട്ടിയത്. കഴുത്തിനു വെട്ടിയശേഷം പുറത്തേക്ക് നടന്നു പോകുകയായിരുന്ന ഷാജിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. ഗോപാലൻ അപകടനില തരണം ചെയ്തു. ഷാജിക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.