കോട്ടയം: കോടിമതയിൽ പാർക്കിംഗ് ഫീസ് നൽകാത്തതിന് ലോറി ഡ്രൈവറെ മർദിച്ച സംഭവം പോലീസ് ഇടപെട്ട് ഒത്തു തീർന്നു. തന്റെ പോക്കറ്റിൽ നിന്ന് പിടിച്ചെടുത്ത പണവും മൊബൈൽ ഫോണും എടിഎം കാർഡും തിരികെ തന്നാൽ മതിയെന്നും കേസ് വേണ്ടെന്നും മർദനമേറ്റ കണ്ടെയ്നർ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി ജോഗീന്ദർസിംഗ് (59) ആവശ്യപ്പെട്ടതോടെയാണ് കേസെടുക്കാതിരുന്നതെന്ന് വെസ്റ്റ് പോലീസ് പറയുന്നു.
ഇതനുസരിച്ച് മർദിച്ചവർ തട്ടിയെടുത്ത സാധനങ്ങൾ തിരികെ നല്കി. ജോഗീന്ദർസിംഗിനെ തല്ലിയവരെ സ്റ്റേഷനിൽ വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇന്നലെ രാവിലെ കോടിമത എംജി റോഡിലാണ് ഡ്രൈവറെ മർദിച്ച സംഭവമുണ്ടായത്. മർദന വിവരമറിഞ്ഞ് വെസ്റ്റ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് ഡ്രൈവറെ ആശുപത്രിലാക്കിയത്.
മർദിച്ചവർ ബൈക്കിലെത്തിയ രണ്ടു പേരാണെന്നും ഹെൽമറ്റ് ധരിച്ചാണ് എത്തിയതെന്നും അവർ പണവും ഫോണും പിടിച്ചുപറിച്ചെന്നും മർദനമേറ്റ ഡ്രൈവർ പോലീസിന് മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന പരിവ് കരാർ എടുത്തവരെ പോലീസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അതേ സമയം കോടിമതയിൽ പാർക്കിംഗ് ഫീസ് തർക്കവും ഇതേ തുടർന്നുള്ള സംഘർഷവും സ്ഥിരമാണമെന്ന് പരാതിയുണ്ട്.