കൊട്ടാരക്കര: ഒമ്പതാംക്ലാസ് വിദ്യാർഥിയെ കച്ചവടക്കാരൻ ക്രൂരമായി മർദിച്ചതായി പരാതി. കുളക്കട ഗവ. വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഏനാത്ത് ഇറങ്ങ്മംഗലം താരാ ഭവനിൽ മോഹനന്റെയും താരയുടെയും മകൻ അക്ഷയിയെ ആണ് കച്ചവടക്കാരൻ മർദിച്ചതായി പരാതി. സ്കൂളിന് സമീപത്ത് ബേക്കറി നടത്തുന്ന ശശിയാണ് കടയിൽ വെച്ചിരുന്ന കേക്കിനു മേൽ കൈവെച്ചു എന്ന കാരണം പറഞ്ഞ് മർദിച്ചതത്രെ.
ഇന്നലെ വൈകുന്നേരം 4 30 നാണ് സംഭവം. സ്കൂൾ വിട്ടു കടയിൽ കയറി സാധനം വാങ്ങി തിരിച്ചിറങ്ങിയ അക്ഷയയെ കടയിലേക്ക് വിളിച്ചു കയറ്റി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. കഴുത്ത് പിടിച്ച് വലിക്കുകയും ചെയ്തു.തലയ്ക്കും കഴുത്തിനും ചെവിയിലും മുഖത്തും സാരമായി പരുക്കേറ്റു. വിദ്യാർഥി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷിതാക്കൾ പുത്തൂർ പോലീസിൽ പരാതി നൽകി.