കൊച്ചി: കടവന്ത്രയില്‍ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശി ജിത്തു(24), തിരുവനന്തപുരം ചാക്കാ സ്വദേശി കണ്ണന്(25) എന്നിവരെയാണ് കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കണ്ണന്റെ പേരില്‍ മോഷണം, അടിപിടി ഉള്‍പ്പെടെ കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ ഒമ്പതിന് രാത്രി 10.45ന് കടവന്ത്ര എസ്ബിഐ ബാങ്കിന് സമീപമാണ് സംഭവം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പത്തനംതിട്ട റാന്നി സ്വദേശി ആദര്‍ശി(20)ന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.
നഗരത്തില്‍ ലോജിസ്റ്റിക്സ് കോഴ്സ് പഠിക്കുന്ന ആദര്‍ശ് സാധനങ്ങള്‍ വാങ്ങാനായി രാത്രി കടയില്‍ പോകുന്നതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ടുനില്ക്കുമ്പോഴാണ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടിയത്.
ഇവരെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കവെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതികള്‍ ആദര്‍ശിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ആദര്‍ശിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു.