കാഞ്ഞിരപ്പള്ളി: ഇടവേളയ്ക്കു ശേഷം കഞ്ചാവുമാഫിയ വീണ്ടും സജീവമായി. സംഘങ്ങളിൽ ഏറെയും യുവാക്കളാണ്. രണ്ടാഴ്ച മുന്‍പ് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ രണ്ടു കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് കമ്പത്തുനിന്നും കാറിൽ കഞ്ചാവ് കടത്തുകയായിരുന്നു പ്രതികൾ. കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചത്.
കഴിഞ്ഞ ദിവസം മണിമല കോത്തലപ്പടി കവലയിൽ ആറംഗ സംഘം ഗുണ്ടാ വിളയാട്ടം നടത്തിയിരുന്നു. കഞ്ചാവു ലഹരിയിലാണ് ഇവർ അക്രമം അഴിച്ചുവിട്ടതെന്നു പോലീസ് പറഞ്ഞു.
സ്കൂള്‍, കോളജ് പരിസരം വില്പന കേന്ദ്രങ്ങൾ കഞ്ചാവുകേസിൽ പിടിക്കപ്പെട്ടവരിൽ കൂടുതലും യുവാക്കളായിരുന്നു. കഞ്ചാവ് ഉപയോഗം ശീലമാക്കിയ ഒട്ടേറെ യുവാക്കളാണ് പണം കണ്ടെത്താനായി വില്പന രംഗത്തേക്ക് എത്തിയിരിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഈ വർഷം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളാണ് കഞ്ചാവ് സംബന്ധിച്ച് എടുത്തിട്ടുള്ളത്. സ്കൂള്‍, കോളജ് പരിസരങ്ങള്‍ കഞ്ചാവിന്റെ ചില്ലറ വില്പനകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ കോളജ് -സ്കൂൾ തലങ്ങളിൽ വിദ്യാർഥികളെയും മാതാപിതാക്കളെയും പങ്കെടുപ്പിച്ച് കൗൺസലിംഗ് ക്ലാസുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിട്ടുണ്ട്.
മുന്‍പ് കഞ്ചാവ് വില്പന സംഘങ്ങളെ പിടികൂടാൻ പോലീസും എക്സൈസും കൈകോർത്ത് ശക്തമായ രീതിയിൽ പരിശോധന നടത്തിയിരുന്നു.
എന്നാൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കും പോലീസും എക്സൈസും തിരിഞ്ഞതോടെയാണ് കഞ്ചാവ് വില്പന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങിയത്.