കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദിനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മയ്യിൽ സ്വദേശി പവനനാണ് മർദനമേറ്റത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. സന്ദർശക പാസെടുക്കാതെ ഉള്ളിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് അക്രമം ഉണ്ടായത്. കുഞ്ഞിന് പോളിയോ നൽകാൻ എത്തിയതാണെന്നാണ് യുവാവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പോളിയോ കൊടുക്കുന്നത് അപ്പുറത്താണെന്ന് പറഞ്ഞെങ്കിലും മുകൾ നിലയിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു.
ഇതോടെ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനോട് തട്ടിക്കയറുകയും തള്ളി നിലത്തിടുകയുമായിരുന്നു. ബഹളം കേട്ട് മറ്റ് ജീവനക്കാർ എത്തുന്പോഴേക്കും യുവാവ് കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതാണെന്ന് കണ്ടെത്തി.
ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരായ അതിക്രമം തടയൽനിയമ പ്രകാരമാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.