കൊച്ചി: എറണാകുളത്ത് മൂന്നു വയസുകാരനെ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം, കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കുട്ടിക്ക് പരിക്ക് എങ്ങനെ സംഭവിച്ചുവെന്നറിയാൻ മാതാപിതാക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇരുവരും ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ബംഗാള്‍ സ്വദേശിയായ കുട്ടിയെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെറസിന്റെ മുകളില്‍ നിന്നും വീണു പരിക്കേറ്റതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ വിശദീകരണം. കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പൊളളലേറ്റ പാടുകളും കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ട്.