കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്ട്ടിന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളുമായി അന്വേഷണ സംഘം.
തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്.
അതിനിടെ, രണ്ടു ദിവസംകൂടി കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും സമയം നീട്ടി നല്‍കണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണു കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്.
പ്രതിയുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പോലീസ് മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി അനധികൃതമായി പണം സമ്പാദിച്ചതായുള്ള വിവരങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.
പീഡനം നടന്ന ഫ്ളാറ്റിലും തുടര്‍ന്ന് മാര്ട്ടിന് ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച ആഡംബര കാര്‍ തെളിവെടുപ്പിനിടെ പാവറട്ടിയില്നിന്നു കണ്ടെടുത്തു. പേരാമംഗലം, മൂണ്ടൂര്‍, അമല എന്നിവിടങ്ങളിലെ ബാങ്കുകളിലും സംഘം പരിശോധന നടത്തി. മുണ്ടൂരില്‍ ഒളിവില്‍ കഴിഞ്ഞ ഷെഡിലും തെളിവെടുപ്പ് നടത്തി വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.