റാന്നി: വസ്തു വീതം വച്ചതിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ണിന് പരിക്കേറ്റയാളുടെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായി.
ഇടമുറി തോമ്പിക്കണ്ടം ഓലിയ്ക്കല്‍ ഒ.സി. കൊച്ചുകുഞ്ഞിനാണ് (59) കാഴ്ച് നഷ്ടമായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടുകയറി ആക്രമണം നടന്നത്.
സംഭവത്തില്‍ കൊച്ചുകുഞ്ഞിന്റെ സഹോദരന് ബാബുവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.ബാബുവിനെ ആക്രമിച്ചതിന്റെ പേരില്‍ കൊച്ചുകുഞ്ഞിനെതിരേയും കേസുണ്ട്.
വസ്തുവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി കേസുണ്ട്. ഇത് കോടതിയുടെ പരിഗണനയിലുമാണ്. ഇരുമ്പുവടി കൊണ്ടുള്ള അടിയിലാണ് കൊച്ചുകുഞ്ഞിന്റെ കണ്ണിനു ക്ഷതമുണ്ടായത്.
കണ്ണ് ശസ്ത്രക്രിയയിലൂടെ തൂന്നിച്ചേര്‍ത്തെങ്കിലും കാഴ്ച പൂര്‍ണമായും നഷ്ടമായി. കണ്ണിനു സമീപത്തെ അസ്ഥി തകര്‍ന്ന് കൃഷ്ണമണി പുറത്തേക്കു തെറിച്ചാണ് കാഴ്ച പോയത്.
ഒപ്പം മൂക്കിന്റെ അസ്ഥിയും ഒടിഞ്ഞരുന്നു. കൊച്ചുകുഞ്ഞിന്റെ സഹോദരന് തടത്തില്‍ ബാബുവാണ് തന്നെ ആക്രമിച്ചതെന്നു കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
സഹോദരന് ആസിഡ് ഒഴിച്ചു പരിക്കേല്പിച്ചതായി ആരോപിച്ച് ബാബുവും ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ചും കേസെടുത്തിട്ടുണ്ട്.
ആക്രമണവിവരം അറിഞ്ഞ് അന്നുതന്നെ സ്ഥലത്തെത്തിയ റാന്നി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസ് എടുത്തിരുന്നു.
റാന്നി പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് കേസ് അന്യക്ഷണം നടക്കുന്നത്.സംഭവ സ്ഥലം ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
വിരലടയാള വിദഗ്ധരെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. തെളിവെടുപ്പുകള്‍ നടക്കുമ്പോള്‍ തന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കൊച്ചുകുഞ്ഞ് ആരോപിച്ചു.
ഒരാഴ്ചയിലേറെയായിട്ടും കുറ്റാരോപിതരെ അറസ്്റ്റു ചെയ്യാത്തത് ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂലിപ്പണിക്കു പോയി ഉപജീവനം നടത്തിവരുന്നയാളാണ ്കൊച്ചുകുഞ്ഞ്.
ലോക്കല്‍ പോലീസ് അന്വേഷണം വൈകുന്നതിനെതിരേ നീതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനാണ് കൊച്ചുകുഞ്ഞിന്റെ നീക്കം.
തന്നെ വീടുകയറി ആക്രമിച്ചശേഷം തനിക്കും വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയ്ക്കും കുട്ടികള്‍ക്കുമെതിരേ കേസെടുപ്പിക്കാനുള്ള മറുഭാഗത്തിന്റെ ശ്രമത്തിനു പോലീസ് കൂട്ടുനില്‍ക്കുകയാണെന്നു ബാബു ആരോപിച്ചു.