ചെങ്ങന്നൂർ: ചേർത്തലയിൽ പത്തൊൻപതുകാരിയായ ദളിത് പെൺകുട്ടി പട്ടാപ്പകൽ നടുറോഡിൽ മർദനേമേറ്റ സംഭവം സാക്ഷര കേരളത്തിന് അപമാനമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി പഞ്ചായത്തിലെ മണിയാതൃക്കൽ ജംഗ്ഷനു സമീപം അഞ്ചുപുരയ്ക്കൽ താമസിക്കുന്ന ദളിത് വിദ്യാർഥിനിയായ നിലാവിനെ (19) സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് കഴിഞ്ഞദിവസം പട്ടാപ്പകൽ നടുറോഡിൽ ക്രൂരമായി മർദിക്കുകയായിരുന്നു.
കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്നും നിലാവിന്റെ സഹോദരങ്ങളായ ആര്യാനിധി, ദയാനിധി എന്നിവരെ ഷൈജു നേരത്തേ മർദിച്ചതിന് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധമാണ് മർദനത്തിനു കാരണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
പൂച്ചാക്കല്‍: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിക്കു നേരിട്ട അവഗണനയിലും പിന്നീട് നടുറോഡില്‍ പരസ്യമായി നേരിട്ട ക്രൂര മര്‍ദനങ്ങളിലെ പോലീസ് നിഷ്ക്രിയത്വത്തിലും മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്നും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് ബബിത ജയന് ആരോപിച്ചു.
കണ്ണില്‍ പൊടിയിടാനുള്ള കേസെടുക്കല്‍ നാടകം അവസാനിപ്പിച്ച് ശക്തമായ വകുപ്പുകളോടെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തു അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നു പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.