കൊല്ലം: കളമശേരി മോഡൽ കൗമാര ക്രൂരത കൊല്ലത്തും. മാതാവിനെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത പതിമൂന്നുകാരനും പതിനാലുകാരനും കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവത്തിൽ അഞ്ചുപേരെ പോലീസ് പിടികൂടി.
ഇതിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. സഞ്ജിത് എന്ന യുവാവാണ് മറ്റൊരാൾ. മൊബൈൽ ഫോണിൽ സംഭവം ചിത്രീകരിച്ച വിദ്യാർഥി ഉൾപ്പടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കരിക്കോട് സ്വദേശികളായ കുട്ടികളാണ് കൂട്ടുകാരുടെ ക്രൂരതയ്ക്ക് ഇരകളായത്.
24 ന് പേരൂർ കൽക്കുളത്തായിരുന്നു സംഭവം. എട്ടിലും ഒൻപതിലും പഠിക്കുന്നവരാണ് മർദനമേറ്റ കുട്ടികൾ. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലും പഠിക്കുന്നവർ മാതാവിനെ കളിയാക്കിയതു ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമർദനമെന്ന് മർദനമേറ്റ കുട്ടികൾ പറഞ്ഞു.
കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട മർദനം. ഒടുവിൽ കുട്ടികളിലൊരാളെ വയലിൽ ഇട്ട് ചവിട്ടുകയും ചെയ്തു. കരഞ്ഞപേക്ഷിച്ചിട്ടും മർദനം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കുട്ടികൾ അടികൊണ്ട് നിലവിളിച്ചിട്ടും സംഘം പിന്മാറിയില്ല. ബൽറ്റ് കൊണ്ട് അടിക്കുകയും അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. മർദനമേറ്റ കാര്യം വീട്ടിൽ പറഞ്ഞാൽ കാലു തല്ലിയൊടിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് മർദനമേറ്റ കുട്ടികൾ ഇക്കാര്യം വീട്ടിൽ പറയാൻ ആദ്യം മടിച്ചെങ്കിലും മർദന ദൃശ്യങ്ങൾ അക്രമികൾ തന്നെ പ്രചരിപ്പിച്ചതോടെയാണ് സംഭവം വീട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞത്. കളക്ടറുടെ നിർദേശാനുസരണം ശിശുക്ഷേമ സമിതിയും കേസെടുത്തിരുന്നു. പിടിയിലായവരെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും.