കൊല്ലം: ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി നഴ്സിംഗ് അസിസ്റ്റന്റിനെ തൊഴിച്ചും അടിച്ചും പരിക്കേൽപ്പിച്ചു. കടപ്പാക്കട സ്വദേശിയായ പ്രകാശാണ് നഴ്സിംഗ് അസിസ്റ്റന്റ് ബിജുവിനെ കൈയേറ്റം ചെയ്തത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. മദ്യലഹരിയിലുണ്ടായ അടിപിടിക്കിടയിൽ മുറിവേറ്റ നിലയിലാണ് പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ശരീരത്തിലെ മുറിവിൽ തുന്നലിട്ട ശേഷം വാർഡിൽ അഡ്മിറ്റാക്കി.
പിന്നീട് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ പ്രകാശിനെ കടപ്പാക്കടയിൽനിന്ന് പോലീസ് പിടികൂടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെ തുന്നൽ പൊട്ടിയതിനെ തുടർന്ന് വീണ്ടും ഇടുന്നതിനിടെ ഇയാൾ നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ബിജു ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകി. നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ നഴ്സുമാർ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.