കോട്ടയം: പതിവുപോലെ കളക്ടറേറ്റിൽ ജോലിക്കെത്തിയതാണ് എൽഡി ക്ലർക്ക്. കസേരയിൽ ഇരുന്നു ജോലി ചെയ്യുന്പോഴാണ് ക്ലർക്കിന്റെ കഴുത്തിനുപിന്നിൽ അടികിട്ടിയത്. തീർന്നില്ല, ക്ലർക്കിനെ ചവിട്ടി വീഴ്ത്ത ുകയും ചെരുപ്പിന് അടിക്കുകയും ചെയ്തു.
രംഗം കണ്ടവർ ആദ്യമൊന്നു പകച്ചെങ്കിലും പിന്നീടാണ് സംഗതി എല്ലാവർക്കും പിടികിട്ടിയത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കളക്ടറേറ്റിലെ ഒാഫീസിലേക്കും എത്തിയത്. ഇന്നലെ കോട്ടയം കളക്ടറേറ്റിൽ രാവിലെ 10.15നാണ് ഏവരെയും ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. എൽഡി ക്ലർക്കിനെ മർദിച്ചത് കളക്ടറേറ്റിലെ തന്നെ ജീവനക്കാരിയുടെ മകളാണ്.
എൽഡി ക്ലർക്കും ജീവനക്കാരിയും അവരുടെ മകളുമെല്ലാം താമസിക്കുന്നത് എൻജിഒ മുട്ടന്പലം ക്വാർട്ടേഴ്സിലാണ്. ജീവനക്കാരിയും മറ്റൊരു അയൽവാസിയും തമ്മിൽ അസഭ്യം വിളിയും ബഹളവും ഇവിടെ പതിവാണ്. ഇതോടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന 24പേർ ഒപ്പിട്ട് കളക്ടർക്ക് ഒരാഴ്ച മുന്പ് പരാതി നൽകി.
ഇതിനു പിന്നിൽ പ്രവർത്തിച്ചത് എൽഡി ക്ലർക്കാണെന്നായിരുന്നു ജീവനക്കാരിയുടെയും മകളുടെയും കണ്ടെത്തൽ. ഇതോടെ എൽഡി ക്ലർക്കിനോടായി ദേഷ്യവും പകയുമെല്ലാം. ഇതിന്റെ തുടർച്ചയായാണ് ജീവനക്കാരിയുടെ മകൾ ഒാഫീസിലെത്തി എൽഡി ക്ലർക്കിനെ മർദിച്ചതും അസഭ്യം പറഞ്ഞതുമെല്ലാം.
മർദനമേറ്റ എൽഡി ക്ലർക്കിനെ സഹപ്രവർത്തകർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് കേസുമെടുത്തു. എൽഡി ക്ലർക്ക് സ്ഥിരമായി അസഭ്യം പറയുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ മാനസിക ബുദ്ധിമുട്ടിലാണു മകൾ കളക്ടറേറ്റിലെത്തിയതെന്നും എൽഡി ക്ലർക്കിനെ മർദിച്ചിട്ടില്ലെന്നും ജീവനക്കാരി പ്രതികരിച്ചു.