കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തകരുടെ കയ്യാങ്കളി.ഡിസിസി ഓഫീസില്‍ ഇന്ന് രാവിലെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് ചര്ച്ചക്കായെത്തിയത്.
കെപിസിസിയുടേയും എഐസിസിയുടേയും തീരുമാനം അംഗീകരിക്കാതെ ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മറ്റി നേതാക്കളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. തുടര്‍ന്ന് നേതാക്കള്‍ തന്നെ ഇടപെട്ട് ഇവരെ അനുനയിപ്പിച്ചു.
കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന യു.വി.ദിനേശ്മണി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് കെപിസിസി നേതൃത്വം ഇടപെട്ടത്. പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് എഐസിസി അംഗം ദിനേശ് മണിയുമായി ഫോണില്‍ സംസാരിച്ചെങ്കിലും നിലപാടില്‍നിന്ന് മാറില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.
പത്രിക സമര്‍പ്പിച്ചതിന് ശേഷം ഇന്നലെ ഡിസിസി പ്രസിഡന്റ് യു.രാജീവന് വിഷയത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച എന്‍സികെ പ്രതിനിധി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതേസമയം ഇന്ന് കെ.വി.തോമസുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം മണ്ഡലത്തില്‍ സജീവമാകാനാണ് ദിനേശ്മണിയും പ്രവര്‍ത്തകരും തീരുമാനിച്ചത്.