കരുനാഗപ്പള്ളി : കെഎസ്ഇ ബി കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസിൽ കടന്നു കയറി അതിക്രമം കാട്ടുകയും ജീവനക്കാർക്കെതിരെ അസഭ്യവർഷവും ആക്രോശവും നടത്തുകയും ചെയ്ത സംഭവത്തിൽ ജീവനക്കാരുടെ സംയുക്ത സമിതി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകളും മറ്റ് കൈയേറ്റങ്ങളും ഒഴിപ്പിച്ചതിന്റെ ഭാഗമായി സി പി ഐ യുടെ ബോർഡുകൾ നീക്കം ചെയ്തു എന്നാരോപിച്ചായിരുന്നു അതിക്രമം.
ഒരു സംഘം ആളുകൾ ഓഫീസിനുള്ളിൽ കയറി അതിക്രമം കാട്ടുകയായിരുന്നു എന്ന് അധികൃതർ കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു.
തുടർന്ന് കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ചേർന്ന പ്രതിഷേധയോഗം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഹരിലാൽ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ വഹാബ് അധ്യക്ഷനായി. വിവിധ യൂണിയൻ നേതാക്കളായ സുഗതൻ പിള്ള, അമൃതലാൽ, ബി ദിലീപ്, എക്സിക്യൂട്ടീവ് എൻജിനീയർ ജി മോഹനൻ എന്നിവർ പ്രസംഗിച്ചു.