ഏറ്റുമാനൂർ: കെഎസ്ആർടിസി ഡ്രൈവർക്കു നേരേ സ്വകാര്യ ബസ് കണ്ടക്ടറുടെ ആക്രമണം. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8.20ന് ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ ഏറ്റുമാനൂരിന് സമീപം കൂടല്ലൂർ കവലയിലാണ് സംഭവം. ആക്രമണത്തിൽ കോട്ടയം -കാന്തല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ചൂണ്ടച്ചേരി കുന്നേൽ മലയിൽ കെ.ടി. സുഗതൻ(50) ആണ് മർദ്ദനമേറ്റത്.
കോട്ടയത്തുനിന്ന് പാലാ റൂട്ടിൽ സർവീസ് നടത്തുന്ന കെഎൽ അഞ്ച് എഎം 151 നന്പർ മില്ലേനിയം സ്വകാര്യ ബസിലെ കണ്ടക്ടറാണ് സുഗതനെ മർദിച്ചതെന്ന് കെ എസ്ആർടിസി ജീവനക്കാർ പറഞ്ഞു. സ്വകാര്യ ബസിനെ മറികടന്നതിൽ പ്രകോപിതനായാണ് സ്വകാര്യബസ് മുന്നിലിട്ട് മാർഗതടസം സൃഷ്ടിച്ച ശേഷം സ്വകാര്യ ബസിന്റെ കണ്ടക്ടർ കെ എസ്ആർടിസി ബസിലെ ഡ്രൈവറെ മർദിച്ചത്. ഡ്രൈവറെ മർദിച്ചശേഷം സ്വകാര്യ ബസ് സ്ഥലംവിട്ടു.
മർദനത്തിൽ അവശനായ സുഗതനെ ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കെഎസ്ആർടിസി ബസിന്റെ സർവീസ് നിലച്ചു. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു. നിറയെ യാത്രക്കാരുമായി എല്ലാ ദിവസവും സർവീസ് നടത്തുന്ന ബസാണിത്. പാലാ ഡിപ്പോയിലേതാണ് കെഎസ്ആർടിസി ബസ്.