മുക്കം: മൂന്ന് വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെ താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മണാശ്ശേരി സ്വദേശി ജയകുമാറിനെ ( 36) യാണ് റിമാൻഡ് ചെയ്തത്. ജുവൈനൽ ജസ്റ്റിസ് ആക്ട് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് 2015 )ന് പുറമേ കുട്ടിയെ വീട്ടിൽ തടഞ്ഞുവച്ചതിനും കൈകൊണ്ടും വടികൊണ്ടും അടിച്ചതിനും ഐപിസി 323, 324, 342 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിക്ക് മർദ്ദനമേറ്റത്.
അതേസമയം, കുട്ടിയും അമ്മയും വലിയ മാനസിക ശാരീരിക ദ്രോഹങ്ങളാണ് വീട്ടിൽ അനുഭവിച്ചിരുന്നതെന്ന് കുടുംബശ്രീ മിഷൻ ജെൻഡർ റിസോഴ്സ് പേഴ്സണ്‍ ആയിഷ തെങ്ങിലക്കടവ് പറഞ്ഞു. മൂന്നു വയസുകാരിയായ കുട്ടി തന്നെയാണ് കുട്ടിയുടെ ഉടുപ്പുകൾ അലക്കിയിരുന്നത്. ഈ വീട്ടുകാർക്ക് അയൽവാസികളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഓട്ടോ തൊഴിലാളിയായ ജയകുമാർ ഭാര്യയേയും മക്കളേയും വീടിനകത്താക്കി വാതിൽ പുറമെനിന്നും പൂട്ടിയാണ് ജോലിക്ക് പോയിരുന്നത്.
സന്ദർശകർക്ക് പ്രവേശനമില്ലെന്ന ബോർഡും വാതിലിൽ സ്ഥാപിച്ചിരുന്നു. ഒരു മാസംമുന്‍പ് കുടുംബശ്രീ പ്രവർത്തകരെത്തിയാണ് ഈ ബോർഡ് ഇവിടെനിന്നും നീക്കം ചെയ്തത്. കുറച്ച് ദിവസമായി കുട്ടി ആംഗനവാടിയിൽ എത്താത്തതിനെ തുടർന്ന് സംശയംതോന്നിയ ആംഗനവാടി അധ്യാപിക നഗരസഭാ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. കൗണ്‍സിലറുടെ പരാതിയിൽ കേസെടുത്ത മുക്കം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.