പത്തനാപുരം: വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. നിരവധി കേസുകളിലെ പ്രതിയായ പുന്നല ലീനാ സദനത്തിൽ പിച്ചാത്തി എന്നറിയപ്പെടുന്ന സുനിൽ (40) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുന്നല ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് തിരിക്കുന്നതിനിടെ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന സുനിലിന്റെ ഓട്ടോറിക്ഷയുടെ സമീപത്ത് വരെ എത്തിയിരുന്നു. ഇതു കണ്ട സുനിൽ വനിതാ കണ്ടക്ടറെയും ഡ്രൈവറേയും അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
മർദിക്കുമെന്ന ഭയത്താൽ പ്രാണരക്ഷാര്‍ഥം വനിതാ ജീവനക്കാരി സമീപത്തെ വീട്ടിലേക്ക് ഓടി കയറുന്നതിനിടെ മറിഞ്ഞ് വീണ് കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറായ പാതിരിക്കൽ സ്വദേശി ദിവ്യയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ തിങ്കളാഴ്ച പുലര്‍ച്ചയോടെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെതുടർന്ന് പത്തനാപുരം സിഐ അൻവറിന്റെ നേത്വത്തിലുളള സംഘം പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സുനിൽ. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.