പെരുമ്പാവൂര്‍: പുറംമ്പോക്ക് സ്ഥലത്തുള്ള പൊതുകുളത്തിലേക്കുള്ള വഴി ഭൂമാഫിയ അടച്ചു കെട്ടിയെന്ന് ആരോപണം. വഴി തുറ ക്കാനെത്തിയ ജനകീയ സമിതി പ്രവർത്തകരും ഭൂമാഫിയും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. പോഞ്ഞാശേരി ചെന്പരത്ത് കുന്ന് ചിറയിലേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ അടച്ചുകെട്ടിയെന്നാണ് ജനകീയ സമിതി ആരോപിക്കുന്നത്. ചിറയിലേക്കുള്ള വഴി തുറക്കാൻ ചെന്നതിനെത്തുടർന്നുള്ള അടിപിടിയിൽ പോഞ്ഞാശേരി മുറിക്കാടൻ നാസറിനെ (38) പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാക്കനാട് സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വഴി അടച്ചുകെട്ടിയത്. സംഭവത്തിൽ ഇന്നലെ വൈകിട്ട് നായരുപീടികയിൽ സംയുക്ത രാഷ്ടീയ പാർട്ടികളുടെ ജനകീയ സമിതി പ്രതിഷേധ യോഗം നടത്തി. പോഞ്ഞാശേരി പൂക്കുളം അന്പലത്തിനു താഴെയാണ് പൊതുകുളമുള്ളത്.
വർഷങ്ങളായി ആദ്യകാലങ്ങളിൽ നാട്ടുകാർ കുളിക്കാനും മറ്റും കുളം ഉപയോഗിച്ചു വന്നിരുന്നു. പിന്നീട് കുളം മലിനമായതിനെത്തുടർന്ന് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സംയുക്ത ഫണ്ടുപയോഗിച്ച് കുളം ശുചീകരിച്ച് കരിങ്കല്ലുപയോഗിച്ച് കെട്ടി സംരക്ഷിച്ചു പോന്നിരുന്നു. കുളത്തിനു ചുറ്റുമുള്ള പാടശേഖരം വാങ്ങിച്ചു കൂട്ടിയ ഭൂമാഫിയ കുളം കൈവശപ്പെടുത്തി സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നുനാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് സർവകക്ഷിയോഗം വിളിച്ചു ചേർത്ത് വഴി തുറന്നു നൽകാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥലമുടമകൾ സമ്മതിക്കാതായതിനെ തുടർന്നാണ് നാട്ടുകാർ വഴി ബലമായി തുറന്നത്. സംഭവത്തിൽ ഇരു വിഭാഗത്തിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.