മാഹി: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീത്തലെ ചമ്പാടിന് സമീപം കൂരാറ റോഡിൽ മനേത്ത് വയലിൽ ഓട്ടോ ഡ്രൈവർക്കും ഹോട്ടൽ ഉടമയ്ക്കും പോലീസിനും മർദനം.
മനേത്ത് വയലിലെ യുവാവാണ് ഇന്ന് പുലർച്ചെ മുതൽ പരാക്ര മം കാട്ടിയത്. സഫാ മർവാസിലെ ഓട്ടോ ഡ്രൈവർ പാൽ വിതരണക്കാരനായ ലത്തീഫ് (53) ആണ് ആദ്യം അക്രമത്തിനിരയായത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.
ലത്തീഫ് പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ച് തലശേരിയിൽ പാൽ എടുക്കുവാൻ പോവുകയായിരുന്നു. ചമ്പാട് മനേത്ത് വയലിൽ നല്ല പൊക്കമുള്ള ട്രൗസർ മാത്രം ധരിച്ച ആൾ ഓട്ടോ തടഞ്ഞു നിർത്തി കയ്യിൽ ഉണ്ടായിരുന്ന മാരകായുധം കൊണ്ട് ഓട്ടോയുടെ ചില്ല് തച്ചുടയ്ക്കുകയായിരുന്നു.
ചില്ല് പൂർണമായും തകർന്നു. ഉടൻ ലത്തീഫ് ഓട്ടോ ഓടിച്ച് മൂലക്കടവിൽ എത്തി പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പന്തക്കൽ പോലീസിന്റെ നിർദ്ദേശ പ്രകാരം പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചില്ല് തകരുന്നതിനിടയിൽ ലത്തീഫിന്റെ ദേഹത്ത് കുപ്പിച്ചില്ലുകൾ കൊണ്ട് മുറിവേറ്റിട്ടുമുണ്ട്. തലനാരിഴയ്ക്കാണ് ആയുധം ദേഹത്ത് തട്ടാതിരുന്നതെന്ന് ലത്തീഫ് പറഞ്ഞു.
തുടർന്ന് മനേത്ത് വയലിൽ നിന്ന് നടന്ന് ചമ്പാട് ഹോട്ടലിലേക്ക് പോകുകയായിരുന്ന നാണി വിലാസ് ഹോട്ടലുടമ പ്രദീപനെ ഈ യുവാവ് തടഞ്ഞു നിറുത്തി മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ പ്രദീപൻ വൈദ്യസഹായം തേടി.
ഓട്ടോ ഡ്രൈവറുടെ പരാതി ലഭിച്ച ഉടനെ പാനൂർ പോലീസ് സ്റ്റേഷൻ എസ്ഐ. കെ.അനിൽ കുമാർ, കൺട്രോൾ റൂം എസ്ഐ ഇ.സോമൻ എന്നിവരടങ്ങുന്ന സംഘം ചമ്പാട് മനേത്ത് വയലിൽ പുലർച്ചെ തന്നെ കുതിച്ചെത്തുകയായിരുന്നു.
കീഴ്പ്പെടുത്തുവാൻ ശ്രമിച്ചപ്പോൾ ഇയാൾ സോമൻ എസ്ഐയെ മർദ്ദിച്ചു. ഒടുവിൽ ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മനേത്ത് വയൽ സ്വദേശിയായ ഈ യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സൂചനയുണ്ട്.