മാള: കുഴിക്കാട്ടുശേരിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടന്നും അന്വേഷണം വേണമെന്നും വീട്ടുകാർ. കുഴിക്കാട്ടുശേരി പാറെക്കാടൻ വീട്ടിൽ ജോയി(58) ആണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിൽവച്ച് മരിച്ചത്.
ഉച്ചകഴിഞ്ഞു വീട്ടിലെത്തിയശേഷം വിശ്രമിക്കാൻ കിടന്ന ജോയിയെ പിന്നീട് രക്തം ഛർദിച്ചു മരിച്ച നിലയിലാണ് കണ്ടതെന്നു വീട്ടുകാർ പറഞ്ഞു. കൊന്പിടിയിലെ കള്ളുഷാപ്പിൽവച്ച് തർക്കമുണ്ടായെന്നും തന്നെ ഷാപ്പ് ജീവനക്കാർ മർദിച്ചെന്നും ജോയി പറഞ്ഞിരുന്നതായും വീട്ടുകാർ പറഞ്ഞു.
സംഭവത്തക്കുറിച്ച് വീട്ടുകാർ പറയുന്നതിങ്ങനെ: കൊന്പിടിയിലെ കോഴി ഫാം ജീവനക്കാരനായ ജോയ് ഞായറാഴ്ച ജോലിക്കു പോയിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് മടങ്ങിയെത്തിയത്. കോഴി ഫാമിലെ ജോലിക്കാരനായ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ ജോയ് മദ്യപിച്ചിരുന്നു.
അൽപനേരം ഇറയത്തു കിടന്ന ജോയ് അമ്മയോടു കള്ളുഷാപ്പിലെ ആളുകൾ തന്നെ മർദിച്ചെന്നു പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. പിന്നീട് വീടിനകത്തു കയറി മുറിയിൽ വിശ്രമിക്കാൻ കിടന്നു. ഭാര്യ ആനി ആ സമയത്തു തയ്യൽജോലിക്കായി പോയിരിക്കയായിരുന്നു.
വൈകുന്നേരം ചെന്നു നോക്കിയപ്പോൾ രക്തം ഛർദിച്ചു കിടക്കുന്നതു കണ്ടാണ് ഭാര്യ ആനിയേയും അടുത്ത വീട്ടുകാരെയും അറിയിച്ചത്. ഉടൻ കുഴിക്കാട്ടുശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കള്ളുഷാപ്പു ജീവനക്കാരാണ് ജോയിയുടെ മരണത്തിനുത്തരവാദികളെന്ന് ആരോപിച്ച് ജോയിയുടെ വീട്ടുകാർ ആളൂർ പോലീസിൽ പരാതി നൽകി. വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്ന് ആളൂർ പോലീസ് അറിയിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കൾ: സ്റ്റെമി, സെഫിൻ. മരുമകൻ: സേവ്യർ. ഇന്നുരാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം വൈകീട്ട് നാലിന് കുഴിക്കാട്ടുശേരി സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടക്കും.