ഗാന്ധിനഗർ: വിഷം ഉള്ളിൽ ചെന്നു ചികിത്സ തേടിയെത്തിയ യുവതിയുടെ ബന്ധുക്കൾ തമ്മിൽ അടിപിടി. ഇരുകൂട്ടർക്കുമെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു ജ്യാമത്തിൽ വിട്ടു. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പൊൻകുന്നം സ്വദേശിനിയായ യുവതിയുടെ ഭർത്താവും, ഈരാറ്റുപേട്ടക്കാരായ ഇവരുടെ ബന്ധുക്കളും തമ്മിലായിരുന്നു സംഘർഷം.
ആദ്യ തവണ മെഡിക്കൽ കോളജ് സംഘട്ടനത്തിന്റെ പേരിൽ ഇരു കക്ഷികളേയും സ്റ്റേഷനിൽ വിളിപ്പിച്ച് പെറ്റിക്കേസ് ചാർജ്ജ് ചെയ്തശേഷം വിട്ടയച്ചു. അതിനുശേഷം സ്റ്റേഷനിൽ നിന്നും നാട്ടിലേക്ക് പോകവേ ഗാന്ധിനഗർ ചെമ്മനംപടി ഭാഗത്തുവച്ച് ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു.
ആക്രമണം രൂക്ഷമാകുകയും വാഹനഗതാഗതം തടസപ്പെടുകയും ചെയ്തതിനെ തുടർന്ന് ഗാന്ധിനഗർ സിഐ അനുപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവർ സ്ഥലത്തെത്തി ഇരുകൂട്ടരേയും പിടികൂടി സ്റ്റേഷനിലെത്തിച്ചു കേസെടുത്തശേഷം രാത്രിയോടെ വിട്ടയച്ചു.