കുന്നത്തൂർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട വനിതാ പഞ്ചായത്തംഗത്തേയും ഭർത്താവിനേയും സമീപവാസികളായ സ്ത്രീകൾ വീട് കയറി മർദിച്ചതായി പരാതി. ശൂരനാട് തെക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും 13–ാം വാർഡ് അംഗവുമായ സ്നേഹാലയത്തിൽ ദീപയ്ക്കും ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണനുമാണ് മർദനമേറ്റത്.
ഇന്നലെ രാവിലെ വടികളുമായെത്തിയ മൂന്നംഗ വനിതാ സംഘം ആദ്യം പഞ്ചായത്തംഗത്തേയും പിന്നീട് തടയാൻ ശ്രമിച്ച ഇവരുടെ ഭർത്താവിനേയും മർദിയ്ക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
പഞ്ചായത്തംഗത്തിന്റെ മൂക്കിന് സാരമായ പരിക്കേറ്റു.ഇവർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സ തേടി. അക്രമം നടത്തിയ വനിതകൾ ഇവിടുത്തെ സ്‌ഥിരം പ്രശ്നക്കാരാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഈ സംഘത്തിന്റെ ആക്രമത്തിൽ സമീപവാസിയായ വീട്ടമ്മയുടെ തലയ്ക്ക് മുറിവേറ്റിരുന്നു.
വനിതാ പഞ്ചായത്തംഗം ഇടപെട്ടാണ് അന്ന് ഇവർക്കെതിരെ കേസെടുത്തത്. ഇതിന്റെ വൈരാഗ്യം മൂലമാണ് തന്നെയും ആക്രമിയ്ക്കാൻ കാരണമെന്ന് പഞ്ചായത്തംഗം ആരോപിച്ചു. ശൂരനാട് പോലീസിൽ പരാതി നൽകി.