ചെങ്ങന്നൂർ: വഴിയടച്ച് റോഡ് നിർമാണം നടത്തുന്നത് തടയാനെത്തിയ പഞ്ചായത്തംഗത്തെ റിട്ട. തഹസിൽദാർ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം വടക്കേ ചരുവിൽ വീട്ടിൽ വി.എൻ.സജികുമാർ(40) നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെളുപ്പിനെ ഒന്നോടെ തടത്തിൽപ്പടി മോടിയിൽ റോഡിലെ ഒരു ഭാഗത്ത് റോഡിന്റെ ഒരു ഭാഗം അടച്ച് നിർമാണം നടത്തുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സജി സ്ഥലത്ത് എത്തിയത്. നേരത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതാണ്.
തർക്കത്തിനിടയിൽ റിട്ട. തഹസിൽദാർ മോടിയിൽ രാമകൃഷ്ണൻ വടിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയും നിഖിൽ എന്നയാൾ കന്പിവടി കൊണ്ട് കൈയ്ക്ക് അടിക്കുകയുമായിരുന്നു എന്ന് സജി പറയുന്നു. നഗരസഭാ അധ്യക്ഷൻ കെ. ഷിബു രാജൻ, പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശോഭ, സി.ഐ. എസ്.സുധി ലാൽ എന്നിവർ ആശുപത്രിയിലെത്തി സജിയെ സന്ദർശിച്ചു ചെങ്ങന്നൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.