കൽപറ്റ: വയനാട്ടിൽനിന്ന് നാലു ദിവസം മുന്‍പു കാണാതായ അമ്മയെയും അഞ്ച് പിഞ്ചുമക്കളെയും തിരികെ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പോലീസ് ഇവരെ കൽപ്പറ്റയിലെത്തിച്ചത്. ബന്ധുവീട്ടിൽ പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവരെ കൽപ്പറ്റ ‘സ്നേഹിത’യിലേക്ക് മാറ്റി.
ചെറിയ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ‘സ്നേഹിത’യിലേക്ക് മാറ്റിയതെന്ന് പോലീസ് അറിയിച്ചു. കുടുംബപ്രശ്നം മൂലമാവണ് നാടുവിട്ടതെന്നും ഭര്‍ത്താവും ബന്ധുവും തന്നെയും മക്കളെയും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.
വയനാട് കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന മലപ്പുറം ചേളാരി സ്വദേശികളായ കുടുംബത്തെയാണ് ഗുരുവായൂരിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 19-ന് വൈകിട്ട് ചേളാരിയിലെ സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയ അമ്മയെയും 12, 11, 9, 5, 4 വയസുള്ള മക്കളെയുമാണ് കാണാതായത്.
എന്നാൽ, ഇവർ ചേളാരിയിലെ വീട്ടിൽ എത്തിയില്ല. അതോടെ യുവതിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബന്ധുക്കൾ കമ്പളക്കാട് പോലീസിൽ ചൊവാഴ്ച പരാതി നൽകി. യുവതിയുടെ കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായ ഭർത്താവിനെ പോലീസ് വിളിച്ച് വരുത്തിയിരുന്നു.
ഇതിനിടെ യുവതിയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ ശ്രമിച്ച പോലീസിന് ഒടുവിലെ സിഗ്നൽ ഫറോക്കിൽ നിന്നാണെന്ന സൂചന ലഭിച്ചു.
അതോടെ കമ്പളക്കാട് പോലീസ് ഇവരെ ഭർത്താവിനെയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. അതിനിടയിൽ അമ്മയെയും മക്കളെയും കണ്ണൂരിൽ കണ്ടതായും ഷൊർണൂരിൽ കണ്ടതായും അഭ്യൂഹങ്ങൾ പരന്നു. അതോടെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായി.
കണ്ണൂരിൽ ബുധനാഴ്ച രാത്രി ബസ് സ്റ്റാന്‍ഡില്‍ കണ്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. ഇവരെ ഇന്ന് ഉച്ചയ്ക്ക് ഷൊർണൂരിൽ കണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഷൊർണൂരിൽ അമ്മയും മക്കളുമടക്കം ആറ് പേരെയും കണ്ടുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷൊർണൂരിൽ എത്തിയ ബന്ധുവിന്റെ കൈയിൽ നിന്ന് കുറച്ചു രൂപ കടം വാങ്ങിയതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ ഗുരുവായൂർ അമ്പലത്തിൽവെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു.തുടർന്ന് യുവതിയെയും കുട്ടികളെയും പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു.