കാക്കനാട്: പത്തു വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയായ അമ്മയെയും സുഹൃത്തായ ഡോക്ടറെയും കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി. ഫോണ് കോളുകൾ നിരീക്ഷിച്ച് ഇവർ എവിടെയെന്നു തിരിച്ചറിയുന്നതിനുള്ള നീക്കങ്ങളാണ് അധികൃതർ നടത്തുന്നത്.
ഇരുവരുടെയും ഫോണുകൾ സ്വിച്ച്ഓഫ് ആയതിനാൽ സൈബർ സെല്ലിന്റെ പരിശോധനയിൽ കാര്യമായ മുന്നേറ്റം ഇല്ലെന്നാണു ലഭിക്കുന്ന വിവരം. ഇരുവരും ഒളിവിൽ പോകുന്നതിനുമുന്പുതന്നെ ഫോണുകൾ സ്വിച്ച്ഓഫ് ആക്കിയതായാണു അധികൃതരുടെ കണക്കുകൂട്ടൽ.
കുട്ടിയുടെ അമ്മ, ഇവരുടെ സൃഹൃത്തും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറുമായ ആദർശ് എന്നിവർക്കായുള്ള അന്വേഷണം തൃക്കാക്കര പോലീസ് ഉൗർജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മർദിച്ചതിന് ഇരുവർക്കുമെതിരേ പോക്സോ പ്രകാരം തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
ഒളിവിൽ പോയ ഇരുവരും ബന്ധുവീടുകളിലുമെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അതേസമയം കുട്ടിയെ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞു കണ്ണൂർ സ്വദേശിയായ കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈൻ പ്രവർത്തകരെ സമീപിച്ചു.
കോടതി നടപടികൾ പൂർത്തിയായാൽ കുട്ടിയെ വിട്ടുനൽകും. ശനിയാഴ്ച ചൈൽഡ് വെൽ ഫെയർ കമ്മിറ്റി മുന്പാകെ കുട്ടിയെ ഹാജരാക്കും. മജിസ്ട്രേട്ടിന്റെ മുന്നിൽ കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും.