കൊല്ലം: ഫോൺ താഴെ വീണതിന്റെ പേരിൽ 13 വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പള്ളിത്തോട്ടം സ്വദേശിയായ 36കാരൻ ആണ് പള്ളിത്തോട്ടം പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ വീട്ടിലിരിക്കെ മൂത്ത കുട്ടിയായ 13വയസുകാരിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ മൊബൈൽ ഫോൺ താഴെ വീണു. ഇതിന്റെ ദേഷ്യത്തിൽ കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദന ദൃശ്യങ്ങൾ ഇളയകുട്ടിയെകൊണ്ട് ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ച് വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയ്ക്ക് അയച്ചു കൊടുത്തു. സംഭവ സമയത്ത് ഇയാളും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യാ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണ ശേഷം ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഈ സമയം ഇതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന പൊലിസ് സംഘത്തോട് കുട്ടിയും ഭാര്യമാതാവും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് നിർദേശ പ്രകാരം കുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയയാക്കി.
കുട്ടിയുടെ മുഖത്തും ശരീരത്താകാമാനവും മർദനമേറ്റ പാടുകളുണ്ട്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കുട്ടിയെ അമ്മയുടെ സഹോദരിക്കൊപ്പം വിട്ടു.
ഇയാൾ മുൻപും ഈ കുട്ടിയെ ക്രൂരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ മൊഴിയുടെയും മാതാവ് വിദേശത്ത് നിന്നറിയിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പള്ളിത്തോട്ടം പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കുന്നതിനായാണ് ഇയാൾ കുട്ടിയെ ഫോൺ താഴെ വീണതിന്റെ പേരിൽ ക്രൂരമായി മർദിച്ചതെന്ന് പൊലിസ് പറഞ്ഞു.
സംഭവശേഷം ഒളിവിൽ പോയ മത്സ്യത്തൊഴിലാളി കൂടിയായ ഇയാളെപ്പറ്റി എസിപി ഷെരീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി കൊല്ലം ബീച്ചിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിത്തോട്ടം സിഐ. ബി. ഷെഫീക്ക്, എസ്ഐ മാരായ സി.ഹരികുമാർ, സാൾട്രസ് എഎസ്ഐമാരായ ഷാനവാസ്ഖാൻ, സരിത സിപിഒ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.