
പാലോട് : മർദനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പാലോട് ഗവ. ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. നന്ദിയോട് ആലംപാറ ഇടവിളാകത്തില് രാജേഷ് ഭവനില്‍ മോഹനചന്ദ്രന് (55) ആണ് സഹോദരിയുടെ വീടിനു സമീപത്ത് വച്ച് മർദനമേറ്റത്.
പരിക്കേറ്റ മോഹനചന്ദ്രനെ പാലോട് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
മോഹനചന്ദ്രന്റെ പുരയിടത്തിന് മുന്നിലെറോഡ് പണി നടക്കുന്നതുമായുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു പറയുന്നു. റോഡ് പണിക്ക് വസ്തു വിട്ടു നല്‍കിയിട്ടും വീണ്ടും പുരയിടത്തിലെ കിണറും, വീടിന്റെകുറച്ചുഭാഗവും കൂടി വിട്ടു നല്‍കണമെന്ന കരാറുകാരന്റെ ആവശ്യം നിരസിച്ചതാണ് അക്രമത്തിനിടയാക്കിയത്.
വീടും കുടിവെള്ളവും നഷ്ടമാകുമെന്ന അവസ്ഥയായപ്പോള്‍ മോഹനചന്ദ്രന് പണി തടഞ്ഞ് കോടതിയില്‍ നിന്നും സ്റ്റേ ഓഡര്‍ നേടിയിരുന്നു. ഇതില്‍ കുപിതരായവരാണ് സംഘം ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്ന് മോഹനചന്ദ്രന് പറഞ്ഞു.