കറുകച്ചാൽ: ബൈക്കിലെത്തിയ സംഘം ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ചശേഷം പണവും ടിക്കറ്റും തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ കണ്ടെത്താനായില്ല.
നെടുംകുന്നം മോജിൻഭവനിൽ മോഹനനെ(50)യാണ് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം ഗവണ്മെന്റ് ഹൈസ്കൂളിനുസമീപമായിരുന്നു സംഭവം.
കറുകച്ചാലിൽനിന്നും നെടുംകുന്നം ഭാഗത്തേക്കുപോയ മോഹനന്റെ സമീപം ബൈക്ക് നിർത്തിയ ശേഷം ‘എന്റെ പെങ്ങളോട് അപമര്യാദയായി പെരുമാറിയോടാ’ എന്നു ചേദിച്ച ശേഷം റോഡരികിലേക്കു തള്ളിയിടുകയായിരുന്നു.
മോഹനന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഇവർ തട്ടിയെടുത്തശേഷം ബൈക്കിൽ രക്ഷപ്പെട്ടു. ബാഗിനുള്ളിൽ എണ്ണായിരം രൂപയുടെ ടിക്കറ്റുകളും 1500 രൂപയും ഉണ്ടായിരുന്നു.
ഏകദേശം 40 വയസുള്ള ആളാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും പിന്നിലിരുന്നയാൾക്ക് 25 വയസ് ഉണ്ടെന്നും മോഹനൻ പറഞ്ഞു. സംഭവത്തിൽ കറുകച്ചാൽ പോലീസിൽ പരാതി നൽകി.