ന്യൂഡൽഹി: യുഡിഎഫ് എംപിമാരെ പാർലെന്റ് മന്ദിരത്തിന് മുന്നിൽ വച്ച് ഡൽഹി പോലീസ് തല്ലിച്ചതച്ചു.
സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കിൽ നിന്നും പാർലമെന്റിലേക്ക് സമാധാനമായി മാർച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മർദിക്കുകയായിരുന്നു.
ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എൻ. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാൻ, മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. വേണുഗോപാൽ, രമ്യാ ഹരിദാസ് തുടങ്ങിയവർക്കും മർദനമേറ്റു.
തന്നെ പുരുഷ പോലീസ് മർദിച്ചുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.
വിജയ് ചൗക്ക് ഭാഗത്ത് എംപിമാർ പ്രതിഷേധം നടത്തുന്നത് സർവസാധാരണമാണ്. ഇവിടെ നിന്നും പാർലമെന്റിലേക്ക് വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
കെ.റെയിൽ അനുമതിക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പുറപ്പെട്ട സമയം തന്നെയാണ് കേരള എംപിമാർക്കു നേരേ പോലീസിന്റെ കൈയേറ്റം ഉണ്ടായത്.
സംഭവത്തിൽ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ പ്രതിഷേധം അറിയിച്ചു.
സിൽവർലൈൻ പദ്ധതിയിൽ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്.