മുണ്ടക്കയം:അയല്‍വാസിയായ യുവതിയെ വിവാഹം കഴിച്ചുനല്കാത്തതില് പ്രതിഷേധിച്ചു വീടാക്രമിച്ചശേഷം ഒളിവില്‍ പോയ രണ്ടംഗസംഘം കോടതിയില്‍ കീഴടങ്ങി. മാത്തുമല പുതുപ്പറമ്പില്‍ സുനില്‍ (28), സഹോദരി ഭര്‍ത്താവ് രാജേഷ് (32) എന്നവരാണ് കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരായി റിമാന്‍ഡിലായത്.
കൂട്ടിക്കല്‍ മാത്തുമലയില്‍ രാണ്ടാഴ്ചമുമ്പായിരുന്നു സംഭവം. രാത്രി 11.30ഓടെയുണ്ടായ അക്രമണത്തില്‍ മണല്‍പ്പാറയില്‍ വിജയന് (49), ഭാര്യ രാധാമണി (48), മകള്‍ അഞ്ചുമോള്‍ (20), മകന് അരുണ്‍ (26), അരുണിന്റെ ഭാര്യ വിജി (25), മക്കളായ ആരുഷ് (രണ്ട്), അരുണിമ (അഞ്ച്), അയല്‍വാസി പ്ലാത്തോട്ടം സുസമ്മ (55), മകള്‍ രമ്യാ (26), രമ്യയുടെ ഭര്‍ത്താവ് ദീപു (32)എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനിൽ വിജയന്റെ മകളെ വിവാഹം കഴിച്ചുനല്കണമെന്നയാവശ്യം ഉന്നയിച്ചിരുന്നു. ഇത് വിജയൻ തിരസ്കരിക്കുകയായിരുന്നു.
രാത്രി സുനിലും സഹോദരി ഭര്‍ത്താവ് രാജേഷും ചേര്‍ന്നു വിജയന്റെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി വീണ്ടും വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും വിജയന് സമ്മതിച്ചില്ല. ഇതോടെ അക്രമാസക്തരായ രണ്ടംഗസംഘം വിജയന്റെ വീടു കരിങ്കല്‍ ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നു.
വീടിനുളളില്‍ പ്രവേശിച്ച സംഘം വീട്ടുകാര്‍ക്കു നേരെ അക്രമം നടത്തുകയും വീട്ടുപകരണങ്ങളും വീടും പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നു വീട്ടുകാര്‍ കുഞ്ഞുങ്ങളുമായി ഓടി സമീപത്തെ സൂസമ്മയുടെ വീട്ടില്‍ അഭയം തേടിയെങ്കിലും ഇവർക്ക് നേരേയും അക്രമണം ഉണ്ടായി.
തുടർന്ന് നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നു മുണ്ടക്കയത്തു നിന്നു പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഒളിവില്‍ പോയ സംഘം കോടിയില്‍ ഹാജരായി ഇന്നലെ റിമാന്‍ഡിലാവുകയായിരുന്നു. പ്രതികളെ വിട്ടുകിട്ടാന്‍ മുണ്ടക്കയം പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.