കണ്ണൂർ: മുഴപ്പിലങ്ങാട്ടെ സിപിഎം-എസ്ഡിപിഐ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. 15 പേർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. എസ്ഡിപിഐ പ്രവർത്തകനായ മുഹമ്മദ് ഫഹദ് (26), സിപിഎം പ്രവർത്തകരായ ഷിജു (32), ശ്രീജിത്ത് (31) എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം മുഴപ്പിലങ്ങാട് മഠം ജവാൻ റോഡിലാണ് സംഭവം. സംഘർഷത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകനും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റിരുന്നു. ഇവർ തലശേരി ഗവ. ആശുപത്രിയിൽ ചികിത്സയിൽ ആണ്.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴപ്പിലങ്ങാട് മഠം റോഡ് ശുചീകരിക്കുന്ന എസ്ഡിപിഐ പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം നടത്തുകയായിരുന്നുവെന്ന് എസ്ഡിപിഐ ആരോപിച്ചു.
മുഴപ്പിലങ്ങാട് ജവാൻ റോഡിലൂടെ നടന്നുവന്ന സിപിഎം പ്രവർത്തകരെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎമ്മും ആരോപിച്ചു.
എടക്കാട് പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനെതിരേയും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരേയും കേസെടുത്തിട്ടുണ്ട്.