നെടുങ്കണ്ടം: ഭാര്യയുടെ ബന്ധുക്കളുടെ ആക്രമണത്തിൽ യുവാവിന്റെ തലയ്ക്കു പരിക്കേറ്റു. പുഷ്പകണ്ടം പുത്തൻപുരയ്ക്കൽ സുരേഷി(33)നാണ് പരിക്കേറ്റത്.
തൂന്പയിലിടുന്ന ഇരുന്പ് കന്പി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
സുരേഷിന്റെ ഭാര്യ കഴിഞ്ഞ ദിവസം വീട്ടിൽനിന്നും ഇറങ്ങിപ്പോയതിനു പിന്നാലെ ശനിയാഴ്ച വൈകുന്നേരം പുഷ്പകണ്ടം അണക്കരമെട്ടിൽ സുരേഷിനുനേരേ ബന്ധുക്കൾ ആക്രമണം നടത്തിയിരുന്നു.
തുടർന്ന് മാതാവ് ഓമന, മറ്റൊരു ബന്ധു, ഒരു വയസുകാരി മകൾ എന്നിവർക്കൊപ്പം സുരേഷ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായി വീട്ടിൽനിന്നിറങ്ങി.
നെടുങ്കണ്ടം താന്നിമൂട് എത്തിയപ്പോൾ ഇവരുടെ വാഹനം തടഞ്ഞിട്ട് വീണ്ടും ആക്രമണം നടത്തുകയായിരുന്നു.സുരേഷിന്റെ മാതാവ് ഓമന(60)യ്ക്കു നേരേയും ആക്രമണം നടന്നു.
ഓമന തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്നാണ് സുരേഷിന്റെ കുടുംബാംഗങ്ങളുടെ ആരോപണം.
സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും നെടുങ്കണ്ടം പോലീസ് അറിയിച്ചു.