തളിപ്പറമ്പ്: സീല്‍ ടിവി റിപ്പോര്‍ട്ടര്‍ നീതു അശോകനെ അക്രമിച്ച സംഭവത്തില്‍ ഹോട്ടല്‍ തൊഴിലാളിയായ മലപ്പുറം സ്വദേശി അറസ്റ്റില്‍. തിരൂര്‍ കേരളദേശപുരത്തെ മേലാറ്റുപറമ്പില് എം.പി.അക്ബറിനെ(23) യാണ് തളിപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്. ധര്‍മശാലയിലെ കോഫിഹൗസിനടുത്ത് വച്ച് വാര്‍ത്ത ശേഖരിക്കുന്നതിനിടയില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ധര്‍മശാലയിലെ പേരാല്‍ ഹോട്ടലിലെ തൊഴിലാളിയായ അക്ബര്‍ നീതുവിനെ ആക്രമിച്ചത്.
പരിക്കേറ്റ നീതു തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതുവിനെ അക്രമിച്ച സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റ് എ.കെ.ഹാരിസും, സെക്രട്ടറി പ്രശാന്ത് പുത്തലത്തും ശക്തമായി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്ന് ഇവര്‍ അധികൃതരോട് അവശ്യപ്പെട്ടു.
വനിതാ റിപ്പോര്‍ട്ടര്‍ക്കു നേരേ നടന്ന അക്രമസംഭവം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് എതിരെ അക്രമം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സിഒഎ നേതാക്കള്‍ ആവശ്യപ്പെട്ടു. സീല്‍ ടിവി റിപ്പോര്‍ട്ടര്‍ നീതു അശോകനെ അക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ എത്രയും പെട്ടന്ന് കണ്ടെത്തി ശിക്ഷിക്കണമെന്ന് തളിപ്പറമ്പ് പ്രസ്ഫോറം പ്രസിഡന്റ് എം.കെ. മനോഹരനും സെക്രട്ടറി കെ.പി. രാജീവനും ആവശ്യപ്പെട്ടു.
സംഭവത്തില്‍ തളിപ്പറമ്പ് പ്രസ് ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.