പയ്യന്നൂര്‍: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കണ്ടക്ടറെ മര്‍ദ്ദിക്കുകയും ബസ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍.
പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലക്കാടന്‍ ബസിലെ കണ്ടക്ടര്‍ കാങ്കോല്‍ കാളീശ്വരത്തെ കെ.വി. ജയേഷി(28)നെയാണ് വധശ്രമക്കേസില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഈമാസം ആറിന് രാവിലെ ഏഴേകാലോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാൻഡിലാണ് സംഭവം.
പയ്യന്നൂര്‍-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതാപ് ബസിന്റെ കണ്ടക്ടര്‍ പെരളശേരി മുണ്ടല്ലൂരിലെ എം.ഷാജനെ (48) ഇരുമ്പുകൊണ്ടുള്ള ഉപകരണമുപയോഗിച്ച് മര്‍ദ്ദിച്ചതായുള്ള പരാതിയിലാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്.
മര്‍ദ്ദനത്തിനിടയില്‍ രോഷാകുലനായ ജയേഷ് ബസില്‍ കയറി ബസ് പിന്നോട്ടെടുത്ത് പ്രതാപ് ബസുമായി കൂട്ടിയിടിക്കുകയും ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകളും റേഡിയേറ്ററും തകര്‍ക്കുകയായിരുന്നു.