കോഴിക്കോട്: മീസൽസ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതർക്കു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എടയൂർ സ്വദേശികളായ മുബഷിർ, സഫ്വാൻ എന്നിവരെയാണു വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
എടയൂർ പഞ്ചായത്തിലെ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതർക്കാണ് യുവാക്കളുടെ മർദനമേറ്റത്. വാക്സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്സിന്റെ കൈപിടിച്ച് വലിക്കുകയും മൊബൈൽ ഫോണ് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. പരിക്കേറ്റ എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് നഴ്സ് ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മാരാകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് എടയൂർ മെഡിക്കൽ ഓഫീസർ ഡോ.അലി അഹമ്മദ് പറഞ്ഞു. മീസൽസ് റുബെല്ല വാക്സിൻ കാന്പയിൻ അവസാനദിവസങ്ങളിലേക്കടുക്കുന്പോഴാണ് സംഘർഷമുണ്ടായത്.