പട്ടിക്കാട്: വാണിയംപാറ മഞ്ഞവാരിയിൽ കള്ളത്തടി പിടിച്ചെടുക്കാനെന്ന പേരിൽ വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും വനപാലകർ മർദിക്കുകയും വീട്ടുപകരണങ്ങൾ തകർത്തതായും പരാതി. വീട്ടിൽ തേക്കു തടി ഒളിപ്പിച്ചുവെന്ന പേരിൽ കഴിഞ്ഞ രാത്രി അർദ്ധരാത്രിയിലാണ് എട്ടുപേരടങ്ങിയ വനപാലകർ ഇടുമൂഴിക്കൽ ഔസേപ്പച്ചന്റെ വീട്ടിൽ എത്തിയത്.
ഔസേപ്പച്ചനെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഭാര്യ എൽസിയേയും മരുമകളേയും വനപാലകർ ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. ഔസേപ്പച്ചന്റെ വീട് പുതുക്കി പണിയുന്നതിനിടെ തൊട്ടടുത്തുള്ള കാട്ടിൽനിന്നും തേക്കുമരങ്ങൾ മുറിച്ചു എന്ന അജ്ഞാത സന്ദേശത്തിന്റെ പേരിലായിരുന്നു വനപാലകർ എത്തിയത്. വീട് പൊളിച്ചപ്പോഴുള്ള 15-20 കൊല്ലം പഴക്കമുള്ള തേക്കിന്റെ മൂന്ന് തടികൾ വനപാലകർ കൊണ്ടുപോയി.
മർദനമേറ്റ ഔസേപ്പച്ചനെതിരെ കേസെടുക്കുകയോ, നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പറയുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ അവശനായ ഔസേപ്പച്ചനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഔസേപ്പച്ചൻ ഇപ്പോൾ ഐസിയുവിലാണ്. വിവരം അറിഞ്ഞ് പഞ്ചായത്തംഗം വിജയൻകുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി. ജോർജ് എന്നിവർ ഫോറസ്റ്റ് ഓഫീസിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പരിശോധന നടത്താൻ മാത്രമേ നിർദേശിച്ചിരുന്നുള്ളൂ എന്നാണ് റേഞ്ച് ഓഫീസർ പറഞ്ഞത്.
എന്നാൽ വനപാലകർ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ മർദിക്കുകയും വീട്ടുപകരണങ്ങൾ അടിച്ച് തകർക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. ഔസേപ്പച്ചനെ മർദിച്ച വനപാലകർക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഔസേപ്പച്ചന്റെ വീടിനു സമീപത്തെ ഒരു വിധവ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലും തൊട്ടടുത്ത മറ്റൊരു വീട്ടിലും വനപാലകർ കടന്നുകയറിയെന്നും പറയുന്നുണ്ട്.