നേമം : കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടി കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു.
നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52) യെയാണ് മണലുവിള ക്ഷേത്രത്തിനു സമീപത്തുവച്ച് ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടി കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
കാറില്‍ ബലം പ്രയോഗിച്ച് പദ്മകുമാരിയുടെ മാലയും വളയും കൈവിരലുകളില്‍ കിടന്ന മോതിരങ്ങളും കവര്‍ന്ന ശേഷം കാട്ടാക്കടയില്‍ നിന്നും പൂവച്ചല്‍ നെടുമങ്ങാട് റൂട്ടില്‍ കാപ്പിക്കാട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
അവിടെ നാട്ടുകാരോട് ബന്ധുവിന്റെ നമ്പര്‍ പറഞ്ഞ് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്.പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാറിലെത്തിയത് മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചംഗ സംഘമെന്നാണ് പദ്മകുമാരി പറയുന്നത്.
കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം മര്‍ദിക്കുകയും ചെയ്തു.
മര്‍ദനത്തില്‍ പല്ല് നഷ്ടപ്പെടുകയും മുറിവേല്‍ക്കുകയും ചെയ്ത പദ്മകുമാരിയെ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസില്‍ പോയി വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് പദ്മകുമാരിയെ തട്ടികൊണ്ടുപോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.