കോട്ടയം: വള്ളംകളി സ്ഥലത്തുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചു. ഒരാളുടെ പല്ല് അടിച്ചു തെറിപ്പിച്ചു. കഴിഞ്ഞ ദിവസം പരിപ്പിലാണ് സംഭവം. പരിപ്പ് കെവിഎം കോളനിയിൽ സജി (40)യുടെ പല്ലാണ് രണ്ടു പേർ ചേർന്ന് അടിച്ചു തെറിപ്പിച്ചത്. ഇയാളുടെ കൂട്ടുകാരൻ ജോമോനും മർദനമേറ്റു. സംഭവം സംബന്ധിച്ച് വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരിപ്പ് സ്വദേശികളാണ് പ്രതികൾ. ഞായറാഴ്ച വൈകുന്നേരം പരിപ്പ് പാലത്തിനടുത്തു വച്ചാണ് സംഭവം. പരിപ്പിലെ വള്ളം കളി സ്ഥലത്തു വച്ച് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കു തർക്കമുണ്ടായി. അതിനു ശേഷം സജിയും ജോമോനും ബൈക്കിൽ വരികയായിരുന്നു.
പരിപ്പ് പാലത്തിനടുത്തു വച്ച് ബൈക്ക് തടഞ്ഞു നിർത്തി പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് സജി പോലീസിന് നല്കിയ മൊഴി. മർദനത്തിൽ സജിയുടെ മുൻനിരയിലെ ഒരു പല്ല് തെറിച്ചു പോയി. മർദനമേറ്റ സജിയും ജോമോനും ചികിത്സയിലാണ്. വെസ്റ്റ് എസ്ഐ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ പ്രതികളെ അന്വേഷിച്ചു വരുന്നു.