കോട്ടയം: മണർകാട്ടെ പെട്രോൾ പന്പ് ആക്രമണത്തിനു പിന്നിലും മാലം സ്വദേശിയായ വിവാദ പണമിടപാടകാരനെന്ന് സൂചന . ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് പെട്രോൾ പന്പിലെത്തിയ സംഘം ജീവനക്കാരെ മർദിക്കുകയും ആക്രമണം നടത്തുകയും ചെയ്തത്.
സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. മണർകാട് സ്വദേശിയായ റജിൻ കെ. രാജു (37), പുതുപ്പള്ളി സ്വദേശിയായ പി.ടി. സരിൻ (30), മണർകാട് എരുമപ്പെട്ടി സ്വദേശി എ.ആർ. വൈശാഖ് (28) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമത്തിൽ പന്പ് ഉടമയുടെ മകൻ ബിബിൻ കുരുവിള (23), വനിതാ ജീവനക്കാരായ സുനിതാ വിനോദ് (43), അഖില (36), സിനി (36) എന്നിവർക്കാണ് പരിക്കേറ്റ ഇവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുണ്ടാ സംഘം ആക്രമണം നടത്തിയതു പന്പിന്റെ പിന്നിലൂടെ എത്തിയാണ്.
നാളുകളായി മാലം സ്വദേശിയായ വിവാദ പണമിടപാട് കാരനുമായി തകർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ സംഭവവുമായി ബന്ധപ്പെട്ടു തർക്കമുണ്ടായിരുന്നതിനാൽ ആക്രമണ സാധ്യയുള്ളതിനാൽ പന്പുടമ പോലീസിൽ പരാതി നല്കിയിരുന്നു.
ഇതോടെ പന്പിൽ മണർകാട് പോലീസ് സ്റ്റേഷനിൽ നിന്നു രണ്ടു പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. മുന്നിൽ പോലീസ് കാവലുണ്ടായിരുന്നതിനാൽ ആക്രമി സംഘം പിന്നിലൂടെയെത്തി പന്പിലേക്ക് കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് പന്പിന്റെ ഓഫീസ്് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് എത്തി ബിബിനെ ആക്രമിച്ചു. ഈ സമയം താഴെ നിന്നിരുന്ന ഗുണ്ട സംഘത്തിൽപ്പെട്ടവർ പന്പിന്റെ ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ഓഫീസിന്റെ മുന്നിലെ ചില്ലുകൾ മുഴുവന് പൊട്ടി തകർന്ന നിലയിലാണ്.
സംഭവത്തിൽ മുഴുവൻ ദൃശ്യങ്ങളും സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പന്പുടമ ഈ ദൃശ്യങ്ങൾ പോലീസിനു കൈമാറിയിട്ടുണ്ട്.കഴിഞ്ഞ ഏതാനും നാളുകളായി മാലം സ്വദേശിയും പന്പുടമയും തമ്മിൽ ശത്രുതയിലാണ്. ഇവർ തമ്മിൽ കേസുകളും നിലവിലുണ്ട്.
ഇതിനു മുന്പും സമാനമായി രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ പന്പിലുണ്ടായ ആക്രമം വലിയ വിഷയത്തിലേക്കു പോകാനുള്ള സാധ്യതയുള്ളതായും പറയപ്പെടുന്നു. കല്ലേറിലും കന്പിവടികൊണ്ടുള്ള അടിയിലും പന്പിലെ ഓഫീസിനു സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്്ടം സംഭവിച്ചിട്ടുണ്ട്.