കോട്ടയം: കഞ്ചാവ് വില്പന ചോദ്യം ചെയ്ത യുവാവിനു മർദനമേറ്റ സംഭവത്തിൽ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു. പനച്ചിക്കാട് വെള്ളൂത്തുരുത്തിയിൽ മുളകോടിപ്പറന്പിൽ രഞ്ജിത്തിനാ(33)ണ് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
രഞ്ജിത്തിന്റെ വീടിനു മുന്നിൽ മൂന്നംഗ സംഘം കഞ്ചാവ് വില്പന നടത്തുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ രഞ്ജിത്ത് വീടിനു മുന്നിൽ കഞ്ചാവ് കച്ചവടം പാടില്ലെന്നും, പ്രദേശത്ത് ഇനി കണ്ടാൽ പോലീസിനെ വിവരം അറിയിക്കുമെന്നും അക്രമി സംഘത്തിനോട് പറഞ്ഞു.
തുടർന്ന്, അക്രമാസക്തരായ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന കന്പിവടി ഉപയോഗിച്ച് അടിച്ച ശേഷം രഞ്ജിത്തിനെ മർദിച്ചു.
അടിയേറ്റ് നിലത്തുവീണ രഞ്ജിത്തിനെ അക്രമി സംഘം ചവിട്ടി. ശബ്ദം കേട്ട് സമീപ വാസികൾ ഓടിയെത്തിയപ്പോഴേക്കും, അക്രമികൾ ഓടിരക്ഷപ്പെട്ടു.
പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു.
ചിങ്ങവനത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ലഹരി മാഫിയായകളുടെ ശല്യം വർധിച്ചുവരികയാണ്. ലഹരി സംഘങ്ങളെ അമർച്ച ചെയ്യുന്നതിനു പോലീസ് പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.