ശ്രീകണ്ഠപുരം: സാന്പത്തിക ഇടപാട് തീർക്കുവാനെത്തിയ ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശിയെ അഞ്ചംഗസംഘം ക്വാർട്ടേഴ്സിൽ ബന്ദിയാക്കി പണം തട്ടിയെടുക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
സംഭവത്തിൽ ശ്രീകണ്ഠപുരം സിഐ ജോഷി ജോസഫ് പുതിയങ്ങാടി സ്വദേശികളായ അഞ്ചുപേർക്കെതിരേ കേസെടുത്തു. കഴിഞ്ഞദിവസമാണ് സംഭവം. പുതിയങ്ങാടി സ്വദേശിനിയായ സ്ത്രീയുമായി സാന്പത്തിക ഇടപാടുകൾ തീർക്കാനെത്തിയതായിരുന്നു ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശിയായ യുവാവ്.
പുതിയങ്ങാടിയിലെ ക്വാർട്ടേഴ്സിലെത്തിയ യുവാവിനെ അഞ്ചംഗസംഘം ബന്ദിയാക്കുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന നാലായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു. ഇനിയും പണം തന്നില്ലെങ്കിൽ ഈ ചിത്രങ്ങൾ കുടുംബത്തെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.