ചെങ്ങന്നൂർ: അയൽവാസികളുടെ വീടുകയറിയുള്ള അക്രമത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുലിയൂർ പഞ്ചായത്തിൽ തോനയ്ക്കാട് വിഷ്ണു ഭവനത്തിൽ ബിന്ദുവും (35) പതിനേഴുകാരി മകളുമാണ് വണ്ടാനത്ത് ചികിത്സ തേടിയത്.
വരുടെ ഭർത്താവ് ബിനുവും (39) 15 വയസുള്ള മകനും കരുനാഗപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 12ന് ആണ് സംഭവം. ആക്രമണത്തെക്കുറിച്ച് ബിന്ദു പറയുന്നത് ഇങ്ങനെയാണ്. അയൽവാസികളായ പുലിയൂർ പഞ്ചായത്ത് മെന്പർ അന്പിളിയുമായി പ്രളയ നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായി. ഇതേ തുടർന്ന് മെന്പറും ഭർത്താവ് ബാബുരാജും മകനും സുഹൃത്തുക്കളും ചേർന്ന് വീടുകയറി ആക്രമിച്ചു.
പരിക്കേറ്റ് ചെങ്ങന്നൂർ ഗവണ്മെന്റ് ആശുപത്രിയിലും മാവേലിക്കര ആശുപത്രിയിലും ചികിത്സ തേടാൻ ശ്രമിച്ചെങ്കിലും അക്രമിച്ചവരുടെ ആളുകൾ ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് തങ്ങൾ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോയത്. ഈ സമയത്ത് മെന്പറുടെ ആളുകൾ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി രേഖകൾ നശിപ്പിച്ചതായും ഇവർ പറഞ്ഞു.
കരുനാഗപ്പളളിയിൽവച്ച് മകൾക്ക് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് അവിടെയുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. കഴിഞ്ഞ 15 മുതൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അതേ സമയം വീടുകയറി ആക്രമിച്ചതിന് പഞ്ചായത്ത് മെന്പർ അന്പിളിക്കും ഭർത്താവിനും എതിരേ കേസ് എടുത്തതായി എസ്.ഐ. എസ്.വി. ബിജു പറഞ്ഞു. മകളെ ആക്രമിച്ചെന്ന് പരാതിയോ മൊഴിയോ ലഭിച്ചില്ലെന്ന് ചെങ്ങന്നൂർ പോലീസ് പറഞ്ഞു.