കണ്ണൂർ: വീട് നിർമാണത്തിനിറക്കിയ ചല്ലിമെറ്റൽ വാരിയെറിഞ്ഞുവെന്ന് ആരോപിച്ച് എട്ടുവയസുകാരിക്ക് അയൽവാസിയുടെ ക്രൂരമർദനം. ബക്കളം കടമ്പേരിയിലെ കല്ലേൻ ഹൗസിൽ അമയ (എട്ട്) യെയാണ് നട്ടെല്ലിന് പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അയൽവാസിയായ പി. ഷാജിത്തിനെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു.
ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോൽ സൗത്ത് എൽപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന അമയ മൂന്നു കൂട്ടുകാർക്കൊപ്പം ഷാജിത്തിന്റെ വീട് നിർമാണത്തിന് കൊണ്ടുവന്നിട്ട മെറ്റൽ വാരി കളിക്കുകയായിരുന്നു. ഇൗസമയം, കുട്ടികൾ വീടിനകത്തേക്ക് ചല്ലിമെറ്റൽ വാരിയെറിഞ്ഞുവെന്ന് പറഞ്ഞ് ഷാജിത്ത് കുട്ടികൾക്കുനേരെ പാഞ്ഞെത്തി. ഇയാളെ കണ്ടതോടെ കുട്ടികൾ ഓടി. തുടർന്നുണ്ടായ സംഭവം ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി വിവരിച്ചത് ഇങ്ങനെ:
“എനിക്ക് ഫ്രണ്ട്സിനൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ല. അപ്പുറത്തെ ഷാജിത്തേട്ടൻ എന്നെ ഓടിച്ചുപിടിച്ചു. ഏട്ടന്റെ ഭാര്യയായ ഏച്ചിയെന്റെ രണ്ടുകൈകളും പിടിച്ചുവയ്ക്കുകയും ഏട്ടൻ കൈചുരുട്ടി എന്റെ പുറത്ത് ശക്തിയായി ഇടിക്കുകയും ചെയ്തു. ആ ഏട്ടൻ എന്നെ പല പ്രാവശ്യം ഇടിച്ചു. ഓടിപ്പോയ ഫ്രണ്ട്സിനു നേരെ ഏട്ടൻ മെറ്റൽ വാരിയെറിയുകയും ചെയ്തു’.
മറ്റു കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മ ഓടിയെത്തിയപ്പോൾ ഇടിയേറ്റ വേദന മൂലം നിലവിളിക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ വിശദീകണം നൽകിയത് അയൽവാസിതന്നെയാണ്. മർദിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ സ്വന്തം കുട്ടിയോടെന്നതുപോലെയേ അടിച്ചിട്ടുള്ളുവെന്നായിരുന്നു മറുപടിയെന്ന് പെൺകുട്ടിയുടെ അമ്മ ഉഷ പറഞ്ഞു.
പക്ഷേ, വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ നടുവേദന കലശലാവുകയും നടക്കാൻ കഴിയാതാവുകയും ചെയ്തതോടെ സമീപത്തെ ഒരു ഡോക്ടറുടെ അടുത്തെത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരമാണ് ബുധനാഴ്ച വൈകുന്നേരം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നട്ടെല്ലിന് നീർക്കെട്ടുള്ളതായി പരിശോധന നടത്തിയ അസ്ഥിരോഗ വിദഗ്ധൻ ഡോ. ദീപക് പറഞ്ഞു.
രണ്ടു ദിവസത്തെ പരിശോധനകൾക്കു ശേഷമേ പരിക്കിന്റെ സ്വഭാവം കൂടുതൽ വ്യക്തമാകുകയുള്ളുവെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. തളിപ്പറമ്പ് പോലീസ് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അയൽവാസിക്കെതിരേ കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതിന് കേസെടുത്തത്.