കാട്ടാക്കട: യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അയൽവാസിയായ ശ്രീകുമാറിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊറ്റമ്പള്ളിയിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ട കൊറ്റമ്പള്ളി, തെങ്ങ് വിള പുത്തൻവീട്ടിൽ, പ്രദീഷിന്റെ ഭാര്യ ആശ (23) പിതാവ് തമ്പി (62) എന്നിവർക്കാണ് ഇന്നലെ മർദനമേറ്റത്.
വഴിത്തർക്കവുമായി ബന്ധപ്പെട്ടു പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് മർദനമെന്ന് ഇവർ പരാതിപ്പെടുകയായിരുന്നു. വീട്ടിനകത്ത് കയറി പ്രതി ജാതി വിളിച്ചു അധിക്ഷേപിച്ചു കൊണ്ടാണ് മർദിച്ചത് . യുവതിയെ പിടിച്ചു മാറ്റാൻ എത്തിയ പിതാവിനെയും അസഭ്യം പറഞ്ഞു കൊണ്ട് ഇയാൾ മർദിക്കുകയായിരുന്നു. മർദനത്തിനിടെ ആശയുടെ വസ്ത്രം വലിച്ചു കീറിയതായും മൊഴി നൽകിയിട്ടുണ്ട്.
മർദനത്തത്തുടർന്ന് ആശയുടെ ചെവിയിൽ നിന്നും രക്തം വാർന്നു. താടിക്കും ചുണ്ടിലും തലയ്ക്കും മർദനത്തിൽ പരിക്കേറ്റു. ആശയുടെ മക്കളുടെ മുന്നിലിട്ടാണ് മർദനം. ബഹളം കേട്ട് ഇവരുടെ മാതാവും സഹോദരിയും എത്തുകയും അത് കണ്ട് നാട്ടുകാരും എത്തിയതോടെ അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ഇയാളെ പിടികൂടി കാട്ടാക്കട പോലീസിന് കൈമാറി.