വൈപ്പിൻ: ഉത്സവ പറന്പിൽ കോണ്ഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതാക്കൾക്ക് നേരേ ഗുണ്ടാ ആക്രമണമെന്ന് പരാതി. കഴിഞ്ഞ രാത്രി എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കോണ്ഗ്രസ് വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി എ.പി. ക്ലീറ്റസ്, യൂത്ത് കോണ്ഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് സ്വാതിഷ് സത്യൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഉത്സപറന്പിൽ നിന്നും വീട്ടിലേക്ക് പോകാനായി ബൈക്കിൽ കയറുന്നതിനിടെ സ്വാതിഷ് സത്യനു നേരെ പിന്നിൽ നിന്നായിരുന്നുവത്രെ ആക്രമണം. തടയാൻ ചെന്നപ്പോഴാണ് ക്ലീറ്റസിനെ അടിച്ചത്. പട്ടിക വടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു. തലക്കും മുഖത്തും പരിക്കുണ്ട്. ഇരുവരെയും ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ എളങ്കുന്നപ്പുഴ കോളേജ് സംഭവവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ ഭാഗമായാണ് ആക്രമണം. സംഭവത്തെ തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇന്ന് പോലീസ് സ്റ്റേഷൻ മാർച്ചിനു ആഹ്വാനം ചെയ്തെങ്കിലും രാത്രി ഞാറയ്ക്കൽ സി.ഐ. എം.കെ.മുരളി, എസ്ഐ സംഗീത് ജോബ് എന്നിവരുമായി നടന്ന ചർച്ചയിൽ പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാമെന്ന ഉറപ്പിൽ രാത്രി തന്നെ മാർച്ച് ഉപേക്ഷിച്ചു.
അതേ സമയം പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കിൽ കോണ്ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, പുതുവൈപ്പ് മണ്ഡലം പ്രസിഡന്റ് കെ.എം. സിനോജ് കുമാർ എന്നിവർ മുന്നറിയിപ്പ് നൽകി.