ഇടുക്കി: മക്കളെ മർദിക്കുന്നതു തടയാനെത്തിയ അച്ഛനെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. നെടുങ്കണ്ടം വലിയ തോവാള മന്നാക്കുടി പറന്പിൽ സതീഷ് ജയകുമാറി (ദീപു-50) വിനാണ് ക്രൂരമായി മർദനമേറ്റത്.
മുഖത്തെയും മൂക്കിന്റെയും അസ്ഥികൾ പൊട്ടിയ ദീപുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ് 14ന് വൈകുന്നേരം ആറോടെ മന്നാക്കുടി ജംഗ്ഷനിലായിരുന്നു സംഭവം. ദീപുവിന്റെ മക്കളായ അജയിനെയും അഭിജിത്തിനെയുമാണ് ഇവർ ആദ്യം തടഞ്ഞു നിർത്തിയത്.
അമിത വേഗത്തിൽ ബൈക്കോടിക്കുന്നുവെന്നാരോപിച്ച് വാഹനം തടഞ്ഞു നിർത്തി താക്കോൽ ഉൗരിയെടുത്തു മർദിക്കുകയായിരുന്നു. വിവരമറിഞ്ഞാണ് ദീപു സ്ഥലത്ത് ഓടിയെത്തിയത്. മക്കളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതോടെ സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
വടി ഉപയോഗിച്ചും മറ്റും ആക്രമിച്ചതിനെ തുടർന്ന് റോഡരികിൽ വീണ ദീപുവിനെ ആശുപത്രിയിൽ എത്തിക്കാൻ അഭിജിതും അജയും കേണപേക്ഷിച്ചിട്ടും അക്രമി സംഘം തയാറായില്ല. പിന്നീട് പോലീസ് എത്തിയതോടെ അക്രമികൾ സ്ഥലത്തു നിന്നും പിൻമാറി.
തുടർന്നാണ് ദീപുവിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മുഖത്തെ പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. സംഭവത്തിൽ ആശുപത്രിയിലെത്തി മൊഴിയെടുത്ത വണ്ടൻമേട് പോലീസ് അക്രമി സംഘത്തിനെതിരെ കേസെടുത്തു.
അഞ്ചു പേരിൽ കൂടുതലുള്ള സംഘമാണ് ആക്രമിച്ചതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും വണ്ടൻമേട് പോലീസ് അറിയിച്ചു. മന്നാക്കുടി കേന്ദ്രീകരിച്ച് മദ്യവിൽപ്പനയും മറ്റും വ്യാപകമാണെന്ന് പരാതിയുണ്ട്.
മദ്യവിൽപ്പന കേന്ദ്രവുമായി ബന്ധപ്പെട്ടുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും സൂചനയുണ്ട്.