ആലപ്പുഴ: ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കേരള കോണ്‍ഗ്രസ് എം നേതാവിന് മയക്കുമരുന്ന് സംഘത്തിന്റെ മർദനമേറ്റു. മൂന്ന് അംഗ മയക്കുമരുന്ന് സംഘത്തിന്റെ മർദനത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി തോമസ് കളരിക്കൽ(57), മകൻ രഞ്ജിത്ത്(22), തോമസ് കളരിക്കലിന്റെ സഹോദരീപുത്രൻ അജിത്ത്(26)എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അജിത്തിന്റെ കാൽ ഡ്രസ്ചെയ്യുന്നതിനായി രഞ്ജിത്തുമായി ജനറൽ ആശുപത്രിയിൽ എത്തി. ഇവിടെ നിന്ന മൂന്ന് അംഗ സംഘം പ്രകോപനപരമായി ഇരുവരെയും മർദിച്ചു.സമീപത്ത് ഉണ്ടായിരുന്ന പോലീസ് എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു.
വിവരം അറിഞ്ഞ് തോമസ് സ്റ്റേഷനിൽ എത്തി മകനെയും സഹോദരീപുത്രനെയും ജാമ്യത്തിൽ ഇറക്കി. ഈ സമയം സഹോദരീപുത്രന് തലചുറ്റൽ അനുഭവപ്പെട്ടു. ഇയാളുമായി ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ അക്രമിസംഘത്തിലെ അംഗങ്ങളായ മറ്റൊരു ടീം ആശുപത്രിയിൽ എത്തി മൂന്ന്പേരെയും മർദിക്കുകയായിരുന്നു.
തലയ്ക്കും മൂക്കിനും പരിക്കേറ്റ തോമസ് കളരിക്കലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭാ കൗണ്‍സിലർ ബിന്ദുതോമസിന്റെ ഭർത്താവാണ് തോമസ് കളരിക്കൽ. വിവരം അറിഞ്ഞ് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർകോയാപറന്പിലും ആശുപത്രിയിൽ എത്തി. സൗത്ത് പൊലീസ് കേസ് എടുത്തു.